ഭിന്നലിംഗക്കാരന് വീട് വെച്ചു നൽകി മാതൃകയായി ഐ ടി സ്‌റ്റാർട്ടപ്പ്

ഭിന്നലിംഗക്കാരന് വീട് വെച്ചു നൽകി മാതൃകയായി ഐ ടി സ്‌റ്റാർട്ടപ്പ്

11 May, 2019
|
admin

അങ്ങനെ രവിയേട്ടന് വീടായി. നമ്മെ പോലെ തന്നെ അവരും ഇനി മുതൽ സുരക്ഷിതരായി ഉറങ്ങട്ടെ ..

പത്തനാപുരം: കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന പാടം ഗ്രാമത്തിൽ നിന്ന് വളരെ സന്തോഷകരമായ ഒരു വാർത്തയാണ് കേൾക്കാനാവുന്നത്. കോർപ്പറേറ്റ് 360 എന്ന IT കമ്പനി സാക്ഷാത്കരിക്കുന്നത് പാടം എന്ന ഗ്രാമത്തിലെ ട്രാൻസ്‌ജെൻഡർ ആയ രവീന്ദ്രന്റെ സുരക്ഷിതമായ ഒരു വീട് എന്ന സ്വപ്നമാണ്. ഓലയും ടാർപ്പായും മേഞ്ഞ ഒരു വീട്ടിലാണ് വർഷങ്ങളായി രവിയേട്ടൻ ജീവിച്ചിരുന്നത്. കമ്പനി മേധാവി വരുൺ ചന്ദ്രന്റെ സ്വന്തം ഗ്രാമം കൂടിയാണ്‌ പാടം. 2016 – 2017 ലെ യുവസംരംഭകനുള്ള കേരള സർക്കാർ യൂത്ത് ഐക്കൺ അവാർഡ് ജേതാവാണ് വരുൺ. ഒരു സാമൂഹ്യ പ്രവർത്തനം എന്നതിലുപരി കൂടുതൽ ആളുകൾ മാതൃകയാക്കേണ്ട ഒരു സാമൂഹ്യ സേവന ആശയം എന്ന നിലയിലാണ് ഇത് കൂടുതൽ ശ്രദ്ധേയമാവുന്നത്.

പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറി വീട്ടില്‍ അരക്ഷിതാവസ്ഥയില്‍ ആയിരുന്നു ട്രാൻസ്‌ജെൻഡർ ആയ രവി കഴിഞ്ഞിരുന്നത്. താമസിച്ചിരുന്ന സ്ഥലത്തിന് മുൻരേഖകളില്ലാത്തതുകൊണ്ടും, കുടുംബമോ കുട്ടികളോ ഇല്ലാത്തതു കൊണ്ടും സർക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. സ്ഥലത്തിന്റെ കൈവശ രേഖകൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്കായി ഒരു വർഷത്തോളം ശ്രമിച്ചിരുന്നു. ഒരു മുറി, അടുക്കള, ബാത്റൂം, വരാന്ത അടങ്ങിയ വീടിന് രണ്ടര ലക്ഷം രൂപയാണ് ചെലവായത്. യാതൊരു പണപ്പിരിവുമില്ലാതെ മുഴുവൻ ചിലവുകളും കമ്പനിയാണ് വഹിച്ചത്. കേരളത്തിലെ മികച്ച സാമൂഹ്യ പ്രതിബദ്ധതാ സ്റ്റാർട്ടപ്പ് അവാർഡ് ലഭിച്ച കമ്പനിയാണ് പത്തനാപുരത്ത് പ്രവർത്തിക്കുന്ന കോർപ്പറേറ്റ് 360. പ്രദേശത്ത് ഒട്ടനവധി സാമൂഹിക സേവനങ്ങൾ നൽകുന്ന കെ വി സദാനന്ദൻ സ്മാരക ട്രസ്‌റ്റ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

ഭിന്നലിംഗക്കാരായി അതിരുവൽക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിനെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ ട്രാൻസ്‌ജെൻഡർ പോളിസി രൂപീകരിച്ച്  മാതൃകയായ സംസ്ഥാനമാണ് കേരളം. കൊച്ചി മെട്രോയിലെ ജീവനക്കാർ മുതൽ എറണാകുളം ലോക്സഭാ സീറ്റിലേക്ക് മത്സരിച്ച ചിഞ്ചു അശ്വതിയും, കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനും വരെ ഇവരിൽ പെടുന്നു. സാധാരണ മനുഷ്യരെ പോലെ ജീവിക്കേണ്ട ഒരു കൂട്ടം ആളുകൾ കാലങ്ങളായി മാറ്റിനിർത്തപ്പെടുന്നത്തിന്റെയും അപമാനിതരായി ജീവിക്കേണ്ടി വരുന്നതിന്റെയും സാമൂഹിക കാഴ്ചപ്പാടുകളെ മാറ്റംവരുത്തുന്ന മാതൃകാപരമായ പ്രവർത്തനമാണ് ഇത്തരം സേവനങ്ങളിലൂടെ നടപ്പിലാവുന്നത്.

#SocialImpact  #happiness #bethechange 

Contact us: impact@corporate360.us, 0475.235.0360