രണ്ടു ലക്ഷം രൂപയ്ക്ക് വീട്, നിർമ്മിക്കാൻ 15 ദിവസം: വീടില്ലാത്തവർക്ക് സൗജന്യ കാബിൻ ഹൗസുകളുമായി ഐ ടി സ്റ്റാർട്ടപ്പ്

രണ്ടു ലക്ഷം രൂപയ്ക്ക് വീട്, നിർമ്മിക്കാൻ 15 ദിവസം: വീടില്ലാത്തവർക്ക് സൗജന്യ കാബിൻ ഹൗസുകളുമായി ഐ ടി സ്റ്റാർട്ടപ്പ്

4 July, 2019
|
admin

വെറും രണ്ടു ലക്ഷം രൂപയ്ക്കു രണ്ടോ മൂന്നോ അംഗങ്ങളുള്ള കുടുംബത്തിനു താമസിക്കാവുന്ന ഒരു കൊച്ചുവീട്. നിർമ്മിക്കാൻ എടുക്കുന്നത് 15 ദിവസം മാത്രം. ഒരു ബെഡ്‌റൂം, ബാത്രൂം, സിറ്റൗട്ട്, കിച്ചൺ. അങ്ങനെ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും, ഈ വീടുകൾ പാടം ഗ്രാമത്തിലെ വീടില്ലാതിരുന്ന മൂന്ന് പാവപ്പെട്ടവർക്ക് സ്വർഗമാണ്. പ്ലാസ്റ്റിക് ഷീറ്റും, ഉപേക്ഷിക്കപ്പെട്ട ഫ്‌ളെക്‌സ് ബോർഡും ചാക്കുമൊക്കെ വലിച്ചുകെട്ടി അതിനിടയിൽ കഴിഞ്ഞുകൂടിയിരുന്നവർ. വീടുണ്ടാക്കാൻ കയ്യിൽ പണമില്ലാതെ വലഞ്ഞവർക്ക് ഒന്നരലക്ഷത്തിൻറെ ‘കാബിൻ ഹൗസ്’ തലചായിക്കാൻ വെറുമൊരു കൂര മാത്രമല്ല.

തന്റെ ഐ ടി കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്നും പണം വിനിയോഗിച്ച് ആ വീടുകൾ പണികഴിപ്പിച്ചുകൊടുത്തത് കോന്നി കലഞ്ഞൂരിനടുത്തുള്ള പാടം സ്വദേശിയായ യുവസംരംഭകൻ വരുൺ ചന്ദ്രന്റെ മുൻകൈയിലാണ്.

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളും വാർദ്ധക്യരും, സാമ്പത്തിക ശേഷി തീരെയില്ലാത്ത കുട്ടികളുള്ള കുടുംബങ്ങൾ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരാണ് കാബിൻ ഹൗസുകളുടെ ഗുണഭോക്താക്കൾ. പാടം ഗ്രാമത്തിൽ ഇതുവരെ 3 വീടുകൾ നിർമിച്ചു കൈമാറിക്കഴിഞ്ഞു. ഒരു ചെറിയ കുടുംബത്തിനുവേണ്ട അത്യാവശ്യം സൗകര്യങ്ങളുള്ള വളരെ ഒതുങ്ങിയ വീടുകളാണ്. സാധാരണയായി ഒരു ചെറിയ വീടു നിർമ്മിക്കാൻ എട്ടു മുതൽ പത്തുലക്ഷം രൂപവരെ ചിലവാകും. ഇവിടെയാണ് കാബിൻ ഹൗസുകളുടെ പ്രസക്തി ഏറുന്നത്. രണ്ടു രൂപയ്ക്കു വീടുനിർമിച്ചു നൽകുമ്പോൾ കുറഞ്ഞത് ഒരു കുടുംബത്തിന് കൂടി സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കാൻ കഴിയുന്നു. ചില കുടുംബങ്ങളിൽ കൂടുതൽ അംഗങ്ങൾ ഉണ്ടെങ്കിൽ രണ്ട് കിടപ്പുമുറികളുള്ള വീടും നിർമ്മിച്ചു നല്കയിട്ടുണ്ട്. അതിന് രണ്ടര ലക്ഷം രൂപ ചെലവ് വരും. ഒരു കിടപ്പുമുറി മാത്രമുള്ള വീടിന് 220 സ്ക്വയർ ഫീറ്റും രണ്ട് കിടപ്പുമുറിയുള്ള കാബിൻ വീടിന് 300 സ്ക്വയർ ഫീറ്റുമാണ് വലുപ്പം. വീടുകളുടെ ഗുണഭോക്താക്കളിൽ എല്ലാവരും പാവപ്പെട്ടവരാണ്. ടാർപ്പാളിൻ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റുകൾക്ക് കീഴിലാണ് ഇവരിൽ പലരും മുൻപ് താമസിച്ചിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം ചെറുതാണെങ്കിലും അടച്ചുറപ്പുള്ള വീടെന്നത് സ്വപ്ന സാക്ഷാത്കാരമാണ്.

ഭൂമി നിരപ്പാക്കി തറകെട്ടിയ ശേഷം ഭിത്തിയും ബാക്കി നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി മേൽക്കൂര മേയുകയാണ് പതിവ്. വില കുറച്ച് പഴയ ഓടുകൾ ലഭിച്ചില്ലെങ്കിൽ ചെലവു കുറയ്ക്കാനും സമയ ലാഭത്തിനും വേണ്ടി വാർപ്പിനു പകരം മേൽക്കൂര ഷീറ്റു മേയും. വരുണിന്റെ അച്ഛനായ ബാലചന്ദ്രനാണ് കാബിൻ ഹൗസുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഓടി നടക്കുന്നത്. “ഇതു കേരളത്തിലെ ശരാശരി കോണ്‍ക്രീറ്റ് വീടുകളെപ്പോലെ അത്ര വലുതാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നുമില്ല.

കാബിൻ വീടുകളുടെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ചാക്കുകൾക്കു കീഴിലോ മറ്റോ കാലങ്ങളായി ജീവിതം തള്ളി നീക്കിയിരുന്നവരാണ്. അവരെ സംബന്ധിച്ചടത്തോളം അടച്ചുറപ്പുള്ള ഒരു വീട്ടിലേക്കുള്ള മാറ്റമാണ് കാബിൻ ഹൗസുകൾ,”അദ്ദേഹം പറഞ്ഞു. കാഴ്ചയിൽ ചെറുതാണെങ്കിലും ഉള്ളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് കുറവുവരുത്തിയിട്ടില്ല. ബാത്ത് റൂമും കിച്ചണ്‍ സിങ്കും ജനാലകളും സിറ്റൗട്ടുമെല്ലാം അടങ്ങിയതാണ് കാബിന്‍ ഹൗസുകൾ.

ട്രാൻസ്ജെൻഡറായ രവിയെ സംബന്ധിച്ചിടത്തോളം കാബിന്‍ ഹൗസ് ലഭിച്ചത് ജീവിതത്തിലേക്കു തന്നെയുള്ള തിരിച്ചുവരവാണ്. “പൊളിയാറായ ഒരു ഷെഡിലാണ് കഴിഞ്ഞിരുന്നത്. അവിടെ ജീവിതം തന്നെ ദുഃസഹമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഒരു വീടുണ്ടാക്കാനുള്ള പണം സ്വന്തമായി സമ്പാദിക്കാൻ സാധിക്കില്ല,” രവി പറയുന്നു.

“കാബിൻ ഹൗസുകളുടെ ആദ്യത്തെ ഗുണഭോക്താക്കളിലൊരാളാണ് ഞാൻ. എല്ലാവിധ സൗകര്യങ്ങളും ഈ കൊച്ചുവീട്ടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴാണ് ഞാൻ അടച്ചുറപ്പുള്ള വീട്ടിൽ സ്വാതന്ത്ര്യത്തോടെ കഴിയുന്നത്.” അപ്പുവേട്ടന്റെ വാക്കുകളാണിത്.

നാം പുറത്തേയ്ക്കിറങ്ങി നോക്കിയാൽ മതി നമ്മുടെ ഇടയിൽ തലചായ്ക്കാനിടമില്ലാതെ കഷ്ടപ്പെടുന്ന നൂറുകണക്കിനു കുടുംബങ്ങളെ കാണാനാവും. എട്ടും പത്തും ലക്ഷം രൂപ മുടക്കി വീടു നിർമ്മിക്കാൻ തക്കവിധത്തിൽ ധനസമാഹരണം അത്ര എളുപ്പമല്ല. സ്ഥലത്തിന്റെ രേഖകളും വീടുകൾ നിർമ്മിക്കാനാവിശ്യമായ അനുമതികൾ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നു വാങ്ങിയെടുക്കുകയെന്നതാണ് ഏറെ ദുഷ്‌കരം. എന്നാൽ ചിലവു കുറഞ്ഞ കാബിൻ വീടുകൾ നിർമ്മിച്ച് വീടില്ലാത്തവരെ സഹായിക്കാനുള്ള കൂട്ടായ്മകൾ മുന്നോട്ടു വരാൻ ഇത് പ്രചോദനമാവുന്നു.

ഗ്രാമീണമേഖലയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം, കലാ – കായിക പരിശീലനം, കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്, തൊഴിൽ പരിശീലനം; പൊതുവിദ്യാലയത്തിന് സ്‌കൂൾ ബസ്സ് സേവനം, നാടിന് ആംബുലൻസ് സേവനം, പാവപ്പെട്ട കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ മാസംതോറും അവശ്യ ഭക്ഷ്യകിറ്റുകൾ തുടങ്ങിയ മറ്റു സന്നദ്ധ പ്രവർത്തനങ്ങളും വരുണിന്റെ നേതൃത്വത്തിൽ നൽകുന്നുണ്ട്.

“നമ്മുടെ സമൂഹത്തിലെ യുവജനങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കാൻ പ്രചോദനം നൽകുക, അവർക്ക് അതിനുള്ള വഴികൾ തുറന്നുകൊടുക്കുക. പ്രഭാഷണത്തേക്കാൾ പ്രവൃത്തിയിൽ വിശ്വസിക്കുക”. വരുൺ വിനയാന്വിതനാകുന്നു.
തൻ്റെ ചുറ്റുവട്ടത്തുള്ള സാമൂഹിക പ്രശ്നങ്ങളെ മനസ്സിലാക്കുകയും അതിനുള്ള പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന സംരംഭകരാണ് യഥാർത്ഥത്തിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചുക്കൊണ്ടുള്ള ബിസിനസ്‌ സമ്പ്രദായം കെട്ടിപ്പടുക്കുന്നത്. അത്തരത്തിലുള്ള വിജയംവരിച്ച കമ്പനിയാണ് Corporate360.